1986-88 കാലഘട്ടത്തിൽ അരീക്കോട് ചാലിയാറിന് കുറുകെയും, പത്തനാപുരത്തും പാലം വരുന്നതു വരെ ചാത്തല്ലൂരടങ്ങുന്ന പ്രദേശങ്ങൾ ഒറ്റപ്പെട്ടു കഴിയുകയായിരുന്നു.
ഇതിനും വർഷങ്ങൾക്കു മുമ്പ് ടിപ്പുസുൽത്താൻ, ബത്തേരിയിലെ തന്റെ താവളത്തിൽ നിന്ന് പാലക്കാട്ടേക്ക് സഞ്ചരിക്കാൻ പ്രത്യേകമായ ഒരു പാത ചാത്തല്ലൂരിനു സമീപം ഒതായിയിലൂടെ നിര്മ്മിച്ചു. ടിപ്പുസുൽത്താൻ റോഡ് എന്ന പേരിൽ അതറിയപ്പെടുന്നു.
[ബത്തേരി -മുക്കം -തെരട്ടമ്മൽ -ഒതായി -എടവണ്ണ -തിരുവാലി -മണ്ണാർക്കാട് -പാലക്കാട് ]
ചെക്കുന്ന് മലനിരയിലെ മരം കച്ചവടം ചെയ്തിരുന്ന പി .വി .ഉമ്മർക്കുട്ടി ഹാജി മരത്തടികൾ ആനയെ കൊണ്ടുവന്ന് ഒതായിയിലേക്ക് വലിച്ചു കൊണ്ടു പോയി ഉണ്ടായ ഇടവഴിയായിരുന്നു അന്നത്തെ പാത. ഇതിനു ശേഷം മഞ്ചേരി കുരിക്കളുടെ മല കരാറിനെടുത്ത കുഞ്ഞഹമ്മദ് എന്ന കരാറുകാരൻ മരം കൊണ്ടുപോകാനായി ആദ്യമായി ചാത്തല്ലൂരിലേക്ക് ലോറി കൊണ്ടുവന്നു. അങ്ങനെ 1980 -കളിൽ ചാത്തല്ലൂരിൽ ആദ്യമായി വാഹനത്തിന്റെ ഗർജനം കേട്ടു.
മണ്‍പാതയായിരുന്നു 1986 വരെ ചാത്തല്ലൂരിലുണ്ടായിരുന്നത്. ഇത് ടാർ ചെയ്യുക എന്നത് പ്രദേശത്തുകാരുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു. ഈ കാര്യത്തിൽ മാറിവരുന്ന സർക്കാരുകൾ കാണിക്കുന്ന വിമുഖതയിൽ പ്രതിഷേധിച്ചുകൊണ്ട് 1986 -ലെ നിയമസഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ജനം ഒന്നടങ്കം തീരുമാനിച്ചു. തുടർന്നുവന്ന സർക്കാർ രമേശ് ചെന്നിത്തല യുടെ പ്രത്യേക ഫണ്ടിൽ ഉൾപ്പെടുത്തി ചാത്തല്ലൂരിന്റെ സ്വപ്നം സാക്ഷാത്കരിച്ചു. അന്നത്തെ സ്ഥലം MLA ആയിരുന്ന ശ്രീ. പന്തളം സുധാകരനെ നന്ദിയോടെ സ്മരിക്കാം.
1996 -ൽ എടവണ്ണ ചാലിയാറിന് കുറുകെ സീതിഹാജി പാലം യാതാര്ത്യമായതോടെ ചാത്തല്ലൂരുകാരുടെ ഒറ്റപ്പെടലിന് വിരാമമായി.
പോത്തും വണ്ടികളും, വല്ലപ്പോഴും വരുന്ന ലോറികളും മാത്രം ഇഴഞ്ഞു നീങ്ങിയിരുന്ന ചാത്തല്ലൂരിന്റെ പാതകളിലൂടെ ഇന്ന് എണ്ണിയാലോടുങ്ങാത്ത വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്നു.
No comments:
Post a Comment