സാമൂഹ്യ വ്യവസ്ഥ

                      അപകടകരമായ ജാതി -മത -വർഗീയ ചിന്താഗതികൾ തീജ്വാല കണക്കെ കേരളത്തെ വിഴുങ്ങിയ ഒരു കാലഘട്ടത്തിൽ പോലും ചാത്തല്ലൂരിൽ ജാതി -മത -വർഗ -വർണ്ണ ഭേദമന്യേ സഹിഷ്ണുതയും സമഭാവനയും പരസ്പര സഹകരണവും നിലനിന്നിരുന്നു എന്ന് ജീവിച്ചിരിക്കുന്ന 'പൂർവ്വികർ ' അഭിമാനത്തോടെ സാക്ഷ്യപ്പെടുത്തുന്നു. ചില ആദിവാസി ഗോത്രങ്ങൾക്കിടയിൽ മാത്രമായിരുന്നു 'അയിത്തം ' നിലനിന്നിരുന്നത്. രോഗാതുരനായ വ്യക്തിയെ മതഭേദമന്യേ 'ചീക്കി 'ൽ(ആശുപത്രി ) എത്തിക്കാൻ പൊതുജനം ശ്രദ്ധാലുക്കളയിരുന്നു. നായർ ജനവിഭാഗവും മുസ്ലിം വിഭാഗവും തമ്മിൽ അങ്ങേയറ്റത്തെ സഹവർത്തിത്ത്വമാണ്  പുലർത്തിയിരുന്നത്. മുസ്ലിം പ്രമാണിമാരുടെ വിശ്വസ്ത കൂട്ടാളികൾ നായർ ജനവിഭാഗതിലുള്ളവരയിരുന്നു.

കുടുംബം :-

    പ്രധാനമായും ചില കുടുംബങ്ങളാണ് ചാത്തല്ലൂരിൽ ഉണ്ടായിരുന്നത്. 'പരശുരാമൻ കുന്നത്ത്' എന്ന പ്രബല കുടുംബം, 'കടൂരൻ' എന്ന മുസ്‌ലിം കുടുംബം, 'പൊതിയിൽ' എന്ന നായർ കുടുംബം, 'വാളക്കോടൻ' എന്ന ഹരിജൻ കുടുംബം, 'പുത്തൻവീട്ടിൽ' എന്ന പ്രഭു കുടുംബം.


      കുടുംബങ്ങളിൽ പുരുഷ മേധാവിത്വമായിരുന്നു നിലനിന്നിരുന്നത്. 

ഓരോ കുടുംബത്തിനും മാത്രമായി പ്രത്യേക ആചാരാനുഷ്ടാനങ്ങൾ നിലനിന്നിരുന്നു എന്നത് ശ്രദ്ധേയമാണ്.

വിവാഹം:-

      ഒരേ ജാതിയിൽ പെട്ടവർ തമ്മിൽ തന്നെയായിരിക്കണം വിവാഹം എന്നത് കർശനമായിരുന്നു. അക്കാലത്തു ശൈശവ വിവാഹം വ്യാപകമായിരുന്നു. ലേഖകന്റെ മുത്തശ്ശി പന്ത്രണ്ടാം വയസ്സിൽ ഭർതൃമതിയായി എന്നത് ഇവിടെ ചേർക്കട്ടെ.

രാത്രികാലങ്ങളിലായിരുന്നു വിവാഹം നടന്നിരുന്നത്. വധുവിനെ ആനയിച്ചുകൊണ്ട് വരന്റെ വീട്ടിലേക്കുള്ള യാത്ര -"പുതുക്കം" രാത്രികാലങ്ങളിലായിരുന്നു. 'പുതുക്കം ' പോകുന്നവർക്കു മുന്നിലായി മുളകൊണ്ടു നിർമ്മിക്കുന്ന 'സുറുവാകുറ്റി ' എന്നറിയപ്പെടുന്ന വിളക്കും തലയിൽ വെച്ച് ഒരാൾ നടക്കുക പതിവായിരുന്നു എന്നതും രസകരമാണ്. വിവാഹാഘോഷങ്ങൾ ലളിതവും മതത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങി നിന്നുള്ളതുമായിരുന്നു. 

No comments:

Post a Comment